
ദോഹ: റഷ്യയിലെ സിറിയസ് ഫെഡറൽ ഡിസ്ട്രിക്റ്റിൽ സെപ്റ്റംബർ 20 മുതൽ 29 വരെ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വിഷയങ്ങൾക്കായുള്ള ഒളിമ്പ്യാഡിൽ (IOCE 2026) മിന്നുന്ന നേട്ടവുമായി ഖത്തർ. ടീം ഇനത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനവും വെങ്കല മെഡലും കരസ്ഥമാക്കിയ ഖത്തർ, വ്യക്തിഗത ഇനങ്ങളിൽ മൂന്ന് മെഡലുകളും നേടി.
ഇബ്രാഹിം നാസർ അൽ മന്നായി, അഹമ്മദ് ഹാനി ഹുസൈൻ എന്നീ വിദ്യാർത്ഥികൾ വെള്ളി മെഡലുകളും ഫഖ്‌റുദ്ദീൻ അർക്കാൻ വെങ്കല മെഡലും നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ തിയറിറ്റിക്കൽ, പ്രാക്ടിക്കൽ റൗണ്ടുകളിലായി കാലാവസ്ഥാ മാതൃകകൾ, പരിസ്ഥിതി ഗവേഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ഖത്തർ സംഘം കഴിവ് തെളിയിച്ചത്.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നൽകിയ തീവ്ര പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിൽ. സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്നതിനും പരിസ്ഥിതി ബോധവൽക്കരണം ശക്തമാക്കുന്നതിനും മന്ത്രാലയം നൽകുന്ന പ്രാധാന്യമാണ് ഈ വിജയത്തിലൂടെ പ്രതിഫലിക്കുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ മുന്നേറ്റം.










